
ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു(കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂതകോളനികളുണ്ടായിരുന്നു. ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനിഭാഷ ആയിരുന്നു.
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾഎന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.