Wednesday, June 13, 2018

അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി.

'ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്' എന്ന് തലമുറകളെ പാടി പഠിപ്പിച്ച വന്ദ്യ പിതാവാണ് അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ച പിതാവ്. "മറക്കല്ലേ മക്കളേ ദരിദ്രരൂപങ്ങളെ" എന്ന് അവസാന ശ്വാസത്തിലും നമ്മെ ഓര്‍പ്പിച്ച പിതാവ്.അതേ,പാവങ്ങളുടെ പാവപ്പെട്ട ബിഷപ്പ്.

ലളിതമായ ജീവിതശൈലികളിലൂടെയും, പ്രവാചകതുല്യമായ പ്രസംഗങ്ങളിലൂടെയും ഈ പിതാവ് ജനങ്ങളുടെ മനസ്സിനുള്ളില്ലേയ്ക്ക് ഓടികയറി. തീ പാറുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. 'സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം' എന്ന് പറഞ്ഞ് തലമുറകള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ പിതാവിനെ മലങ്കരയുടെ ആധുനിക പൗലോസ്‌ ശ്ലീഹ എന്ന് നിസംശയം വിശേഷിപ്പിക്കാം. നിശ്ചയമായും സുവിശേഷ വയലുകളില്‍ അഭിവന്ദ്യ തിരുമേനി വിതച്ച വിത്തിന്റെ വിളവെടുപ്പാണ് ഇന്ന് മുഴങ്ങി കേള്‍ക്കുന്ന സുവിശേഷപ്രഘോഷണങ്ങള്‍. പ്രായത്തിന്റെ അവശതകള്‍ക്ക് പോലും ആ പ്രവാചകവീര്യത്തെ കെടുത്തികളയാനായില്ല.
ലഭിച്ചതല്ലാതെ എനിക്കൊന്നുമില്ല എന്ന് പറഞ്ഞ് കിട്ടിയതെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കി. അനേകരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച പിതാവ് പ്രാര്‍ത്ഥനയില്‍ പരിപൂര്‍ണ അഭയം കണ്ടെത്തി. ദരിദ്രര്‍ക്ക് വേണ്ടി, രോഗിക്ക് വേണ്ടി, പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി, അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു മനസ്സായിരുന്നു എന്നും തിരുമേനിയുടേത്. "എന്‍റെ തിരുമേനി" എന്ന് ആര്‍ക്കും പറയാവുന്ന ഒരു പിതാവ്.

No comments:

Post a Comment